ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന് സതീശന്‍

v d satheesan

മലപ്പുറം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ യു ഡി എഫില്‍ അഭിപ്രായ സമന്വയം ആയില്ലെന്ന സൂചന നല്‍കി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്ത്. 


ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സിനെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സതീശന്റെ പ്രഖ്യാപനം ലീഗ് തീരുമാനമല്ലെന്ന് പി എം എ സലാം വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ലീഗ് ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും യു ഡി എഫില്‍ വിഷയം ചര്‍ച്ച വന്നാല്‍ ലീഗ് നിലപാട് അറിയിക്കുമെന്നും അദ്ദേഹം വിവരിച്ചു. ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന സതീശന്റെ പ്രഖ്യാപനം യു ഡി എഫ് തീരുമാനമല്ലെന്നും അത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും പി എം എ സലാം മലപ്പുറത്ത് പറഞ്ഞു.


അതേസമയം കെ സുധാകരന്റെ ആര്‍ എസ് എസ് പ്രസ്താവന ലീഗ് യോഗം ചര്‍ച്ച ചെയ്‌തെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി സംസാരിച്ചെന്നും കെ സുധാകരന്‍ സാദിഖലി തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്നും പി എം എ സലാം പറഞ്ഞു. 


ലീഗിന്റെ ശക്തമായ പ്രതിഷേധം ഫലം കണ്ടെന്നാണ് വിശ്വാസമെന്നും ലീഗ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. കെ പി സി സി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്നും പി എം എ സലാം വ്യക്തമാക്കി.
 

Share this story