മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണം: സാറാ ജോസഫ്

sara joseph
sara joseph

വ്യാജ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിനെയും മീടൂ വെളിപ്പെടുത്തലുകളെയും ബാധിക്കും. താന്‍ കുറ്റവാളിയല്ല എന്ന് നടന്‍ നിവിന്‍ പോളി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതു പോലെ നിരപരാധികളായ പുരുഷന്‍മാര്‍ ഞങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറയണമെന്നും സാറാ ജോസഫ് പറഞ്ഞു.

തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് അറസ്റ്റിലായ മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കുറ്റാരോപിതരെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവച്ചതു തന്നെ പോരായ്മയാണെന്നും സാറാ ജോസഫ് തൃശൂരില്‍ പറഞ്ഞു. എം.കെ.ആര്‍. ഫൗണ്ടേഷന്‍ അവാര്‍ഡിന് ഡബ്ല്യു.സി.സിയെ തെരഞ്ഞെടുത്തതായി അറിയിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തിലാണ് സാറാ ജോസഫ് അഭിപ്രായം വ്യക്തമാക്കിയത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവരാനുള്ള പേജുകള്‍ വളരെ ഗൗരവമുള്ളതായിരിക്കുമെന്ന് കരുതുന്നു. പൂഴ്ത്തിവച്ച നാനൂറ് പേജുകള്‍ പുറത്തു കൊണ്ടുവരാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ള സമൂഹം സമ്മര്‍ദം ചെലുത്തണം. ഇത്രയും വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോകാന്‍ വഴിയൊരുക്കിയെന്നും സാറാ ജോസഫ് കുറ്റപ്പെടുത്തി. 

കുറച്ചു വ്യക്തികളെ എങ്കിലും സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കുന്നതിന് ഹേമ കമ്മിഷന് കഴിഞ്ഞു. എന്നാല്‍ കുറ്റവാളികളുടെ പേര് വെളിപ്പെടുത്താത്തത് സിനിമാരംഗത്തെ എല്ലാവരെയും സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. വ്യാജ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിനെയും മീടൂ വെളിപ്പെടുത്തലുകളെയും ബാധിക്കും. താന്‍ കുറ്റവാളിയല്ല എന്ന് നടന്‍ നിവിന്‍ പോളി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതു പോലെ നിരപരാധികളായ പുരുഷന്‍മാര്‍ ഞങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറയണമെന്നും സാറാ ജോസഫ് പറഞ്ഞു.