ബലാത്സംഗ കേസില്‍ സനൂഫ് 83 ദിവസം ജയിലില്‍ കഴിഞ്ഞു, ഈ വൈരാഗ്യത്തില്‍ കൊലപ്പെടുത്തിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍
ജയിലില്‍ നിന്നിറങ്ങിയ സനൂഫ് യുവതിയെ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് ലോഡ്ജില്‍ എത്തിച്ചത്.
എരഞ്ഞിപ്പാലത്ത് ലോഡ്ജിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പ്രതി അബ്ദുള്‍ സനൂഫ്. പ്രതിക്കെതിരെ യുവതി നേരത്തെ ബലാത്സംഗ പരാതി നല്‍കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബലാത്സംഗ കേസില്‍ സനൂഫ് 83 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ സനൂഫ് യുവതിയെ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് ലോഡ്ജില്‍ എത്തിച്ചത്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതി വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതി തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചെന്നൈയില്‍ നിന്നായിരുന്നു ഇയാള്‍ പിടിയിലായത്.
ചൊവ്വാഴ്ചയായിരുന്നു മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെ (33) സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഞായറാഴ്ചയായിരുന്നു സനൂഫുമൊത്ത് യുവതി ലോഡ്ജില്‍ മുറിയെടുക്കുന്നത്. പൊലീസില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പായെന്നായിരുന്നു റിപ്പോര്‍ട്ട്.