ആക്രി കച്ചവടത്തിന്റെ മറവില്‍ ചന്ദനം: കേസ് വനം വകുപ്പിന് കൈമാറി

police

പാലക്കാട്: ആക്രി കച്ചവടത്തിന്റെ മറവില്‍ അനധികൃത ചന്ദന ശേഖരം കണ്ടെത്തിയ കേസ് പോലീസ് വനം വകുപ്പിന് കൈമാറി. ചന്ദനം വനം വകുപ്പുമായി ബന്ധപ്പെട്ടതിനാലാണ് കേസ് കൈമാറിയത്. ഒറ്റപ്പാലം പാവുക്കോണം കോട്ടക്കുളത്ത് നിന്ന് 2906 കിലോഗ്രാം ചന്ദനം പിടിച്ചതും ക്വാറി വളപ്പില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതും ഉള്‍പ്പെടെയുള്ള കേസാണ് വനംവകുപ്പ് അന്വേഷിക്കുന്നത്. വനം കൊള്ളയുള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി അന്വേഷിക്കാനാണ് നടപടി തുടങ്ങിയിട്ടുള്ളത്. ഇതിന് വേണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഭേദഗതി ചെയ്തിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ ഓങ്ങല്ലൂര്‍ വാടാനാംകുറുശി പുതുക്കാട്ടില്‍ ഹസന്റെ ചന്ദനവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ വനം വകുപ്പ് ഒറ്റപ്പാലം റെയ്ഞ്ച് ഓഫീസര്‍ കെ.പി ജിനേഷിന്റെ നേതൃത്വത്തില്‍ സമഗ്രാന്വേഷണം നടത്തും. എവിടെ നിന്നാണ് ചന്ദനം കൊണ്ടുവന്നത്, എങ്ങനെ എത്തിച്ചു, എവിടെയൊക്കെയാണ് വില്‍പ്പന നടത്തിയത് എന്നതുള്‍പ്പെടെയുള്ള വിശദമായ അന്വേഷണമാണ് നടത്തുക.

 നേരത്തെ ചന്ദനം പിടികൂടിയവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതും പരിശോധിക്കും. ചന്ദന ശേഖരം പിടിച്ചതും ക്വാറി വളപ്പില്‍നിന്ന് മരം മുറിച്ചുകടത്തിയ കേസും തമ്മില്‍ ബന്ധമുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. രണ്ടുകേസുകളിലുമായി മൂന്ന് പേരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

മരം മുറിച്ച് കടത്തിയ കേസില്‍ അനങ്ങനടി പാവുക്കോണം സ്വദേശികളായ അഷ്ടത്ത്മന കോളനിയിലെ ധനേഷ് (കണ്ണന്‍-33), മൂലയില്‍ത്തൊടി രാധാകൃഷ്ണന്‍ (48) എന്നിവരാണ് പിടിയിലായത്. റിമാന്‍ഡിലായ ഇവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനാണ് ശ്രമം. ഇതിനായി വനം വകുപ്പ് ഉടന്‍ കോടതിയെ സമീപിക്കും.

Tags