കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമരാഗ്‌നി കേരള യാത്രയ്ക്ക് കാസര്‍കോട് നാളെ തുടക്കമാകും

google news
congress

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമരാഗ്‌നി കേരള യാത്രയ്ക്ക് കാസര്‍കോട് നാളെ തുടക്കമാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് ജനകീയ പ്രക്ഷോഭ യാത്രയെ നയിക്കും. സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമരാഗ്‌നി പ്രക്ഷോഭ യാത്രയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുകയാണ് പ്രധാന ലക്ഷ്യം. 14 ജില്ലകളിലായി നടത്തുന്ന പൊതുസമ്മേളനത്തില്‍ 15 ലക്ഷത്തോളം പേരെ അണിനിരത്താനാണ് തീരുമാനം.

നാളെ വൈകിട്ട് 4 മണിക്ക് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിങ്ങനെ പ്രമുഖ ദേശീയ സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമാകും. 14 ജില്ലകളിലും ജനകീയ ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ളവരും ആയിട്ടാണ് കൂടിക്കാഴ്ച.

എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്രയുണ്ടാകില്ല. 14 ജില്ലകളിലായി ആകെ 32 പൊതുസമ്മേളനങ്ങള്‍ ആണ് സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

Tags