മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു; ഉപ്പിലിട്ടതും മസാലക്കൂട്ടുകൾ ചേർത്തുള്ള പാനീയങ്ങളും നിരോധിച്ചു

uppilittath

താമരശ്ശേരി: മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണം ഉപ്പിലിട്ട വസ്തുക്കളാണെന്ന റിപ്പോർട്ടിനെ തുടർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇവയുടെ വിൽപന പൂർണമായും നിരോധിച്ചു. ഉപ്പിലിട്ട പഴവർഗങ്ങൾ, കുലുക്കി സർബത്ത്, ദംഡോസ, മസാല സോഡ, എരിവും പുളിയും മറ്റു മസാലക്കൂട്ടുകളും ചേർത്തുള്ള പാനീയങ്ങൾ എന്നിവയുടെ വിൽപനയും നിരോധിച്ചിട്ടുണ്ട്. എരിവും പുളിയും മറ്റു മസാലക്കൂട്ടുകളും ചേർത്തുള്ള പാനീയങ്ങൾ കിഡ്നി, കരൾ എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

മഞ്ഞപ്പിത്തവും മറ്റു പകർച്ചാവ്യാധികളും പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലൈസൻസും കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റും ഇല്ലാതെ പൊടിപടലങ്ങളാൽ ചുറ്റപ്പെട്ട തട്ടുകടകൾ, ഉപ്പിലിട്ടതും ജ്യൂസും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ പരിശോധ നടത്തി.

മഞ്ഞപ്പിത്തം അടക്കമുള്ള രോഗഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം, കുടിച്ചതിനു ശേഷം ഗ്ലാസുകൾ കഴുകുന്ന രീതി എന്നിവയും ആരോഗ്യവകുപ്പ് പരിശോധിച്ചു. മിക്കയിടങ്ങളിലും ആളുകൾ കുടിച്ച ഗ്ലാസുകൾ ഒരു ബക്കറ്റിലിട്ടാണ് കഴുകുന്നത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി.

അനധികൃതമായി പ്രവർത്തിച്ച കടകൾക്ക് പിഴ ചുമത്തി അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പഞ്ചായത്തിരാജ് ആക്ട്, ഐപിസി ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സമീർ, ജെഎച്ച്ഐ ഗിരീഷ്, വിജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.