എറണാകുളം ടൗണിൽ ഓൺ ലൈൻ ടാക്സിയുടെ മറവിൽ രാസലഹരി വിൽപ്പന: രണ്ട് പേർ പിടിയിൽ

google news
Sale of narcotics under cover of online taxi in Ernakulam town  Two arrested

കൊച്ചി/എളമക്കര: എറണാകുളം ടൗൺ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ട് പേർ എക്സൈസ് പിടിയിൽ.  കൊല്ലം  മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി (ഇപ്പോൾ എളമക്കര പാറയിൽ റോഡിൽ താമസം) സുകേഷിനി വിലാസം വീട്ടിൽ അമിൽ ചന്ദ്രൻ (28 )  കലൂർ എളമക്കര, പുല്യാട്ട് പറമ്പിൽ വീട്ടിൽ  അഭിജിത്ത് (30 )  എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. 

ഇവരുടെ പക്കൽ നിന്ന് അത്യന്തം വിനാശകാരിയായ ക്രിസ്റ്റൽ രൂപത്തിലുള്ള 7 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച കാർ, രണ്ട് മൊബൈൽ ഫോൺ, മയക്ക് മരുന്ന് തൂക്കി നോക്കുന്നതിന് ഉപയോഗിച്ച നാനോ വേയിംഗ് മെഷീൻ എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തു.  നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. 

 മയക്ക് മരുന്ന് വിൽപ്പന തുടങ്ങിയിട്ട് നാളുകൾ ഏറെ  ആയെങ്കിലും ഇവർ ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമായാണ്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് അരഗ്രാം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കാറിൽ എത്തി യുവതിയുവാക്കൾക്കും മറ്റും മയക്ക് മരുന്ന് വിൽപ്പന നടത്തിവരുന്ന സംഘത്തെക്കുറിച്ചുള്ള വിവരം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് (സീസ്) ടീമിന് ലഭിച്ചിരുന്നു. 

ഇതിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.  തുടർന്നുള്ള അന്വേഷണത്തിൽ അമിൽ ചന്ദ്രൻ എന്നയാളുടെ മേൽ നോട്ടത്തിൽ ഓൺലൈൻ ടാക്സിയായി ആറോളം കാറുകൾ എറണാകുളം ടൗണിൽ ഓടുന്നുണ്ട് എന്ന് എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. 

ഇതേ കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ അമിലും, അഭിജിത്തും സ്ഥിരമായി എറണാകുളം ടൗണിൽ കറങ്ങി നടക്കുന്ന കാർ  തിരിച്ചറിഞ്ഞ എക്സൈസ് സംഘം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുകയായിരുന്നു. കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മയക്ക് മരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയ ശേഷം കാറിൽ ഇരുന്ന് തന്നെ എറിഞ്ഞ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി എന്ന് എക്സൈസ് സംഘം മനസ്സിലാക്കിയിരുന്നു. 

തുടർന്ന് ഇവരുടെ വാഹനത്തെ രഹസ്യമായി പിൻതുടർന്ന എക്സൈസ് സംഘം ഏളമക്കര പുന്നയ്ക്കൽ ജംഗ്ഷന് സമീപത്തുള്ള അനശ്വര - സൗപർണ്ണിക അപ്പാർട്ട്മെൻ്റിന് മുൻവശം ഇടപാട്കാരെ കാത്ത് നിൽക്കുകയായിരുന്ന ഇവരുടെ കാർ  വളയുയായിരുന്നു. ഇതിനിടെ അഭിജിത്ത് എന്നയാൾ കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

ഗ്രാമിന് 3000 രൂപ മുതൽ ഡിമാൻ്റ് അനുസരിച്ച് 7000 രൂപ വരെയുള്ള നിരക്കിലാണ് വിൽപ്പനയെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവർ സ്ത്രീകളും പുരുഷൻമാരുമായി ഫാമിലി എന്ന പ്രതീതി ഉണ്ടാക്കി ഒരു പ്രത്യേക സംഘമായി ഗോവയിൽ പോയി അവിടെ നിന്ന് വൻ തോതിൽ മയക്ക് മരുന്ന് കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ്. 

ഇവരുടെ സംഘത്തിൽപ്പെട്ട ആളുകളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവൻ അസി. കമ്മീഷണർ ടി. അനികുമാർ അറിയിച്ചു. 

എറണാകുളം സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി ടോമി, ഐബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി.അജിത്ത്കുമാർ, എറണാകുളം സ്ക്വാഡ് അസ്സി.എക്സൈസ് ഇൻസ്പെക്ടർ എം.ടി.ഹാരിസ്, പ്രിവൻ്റീവ് ഓഫീസർ സി.പി.ജിനേഷ് കുമാർ, വനിത സിഇഒ എം മേഘ, കെ.എ. ബദർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ റിമാൻ്റ് ചെയ്തു.

Tags