ശബരിമല തീർഥാടകരുടെ തിരക്ക് ; കർണാടകയിൽനിന്ന് കേരളത്തിലേക്ക് അടുത്ത മാസം രണ്ട് പ്രത്യേക ട്രെയിനുകൾ കൂടി
ബംഗളൂരു : ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് അടുത്ത മാസം രണ്ട് പ്രത്യേക ട്രെയിനുകള്‍ കൂടി സർവിസ് നടത്തും. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചത്.
ഹുബ്ബള്ളി-കൊല്ലം ട്രെയിന്‍ ഡിസംബർ അഞ്ചു മുതൽ ജനുവരി ഒമ്പതു വരെയും ബെളഗാവി-കൊല്ലം ട്രെയിൻ ഡിസംബർ ഒമ്പത് മുതൽ ജനുവരി 13 വരെയുമാകും ആഴ്ചയിൽ ഒരു സർവിസ് വീതം നടത്തുക.
ഹുബ്ബള്ളി-കൊല്ലം (07313): ഡിസംബർ അഞ്ചു മുതൽ വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30ന് എസ്.എസ്.എസ് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച വൈകീട്ട് 4.30ന് കൊല്ലത്തെത്തും. തിരിച്ച് കൊല്ലത്തുനിന്ന് വെള്ളിയാഴ്ചകളിൽ വൈകീട്ട് 6.30ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച രാത്രി 7.35ന് എസ്.എസ്.എസ് ഹുബ്ബള്ളിയിൽ എത്തും.
ബെളഗാവി-കൊല്ലം (07317) : ഡിസംബർ ഒമ്പതു മുതൽ തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.30ന് ബെളഗാവിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് 6.30ന് തിരിക്കുന്ന ട്രെയിന്‍ ബുധനാഴ്ച രാത്രി പത്തിന് ബെളഗാവിയിലെത്തും.
രണ്ടു ട്രെയിനുകളും വിവിധ ദിവസങ്ങളിലായി എസ്.എം.വി.ടി ബംഗളൂരുവില്‍ പുലർച്ച 1.10നും കെ.ആർ പുരത്ത് 1.30നുമാണ് എത്തിച്ചേരുക. നേരത്തെ തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (06083/06084) പ്രതിവാര സ്പെഷൽ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 29 വരെ 12 സർവിസുകളാണ് ഈ ട്രെയിന്‍ നടത്തുക.