ശബരിമല: കേടായ അരവണ ഉടന്‍ നശിപ്പിക്കും, ദേവസ്വം ബോര്‍ഡിന് 7.80 കോടി നഷ്ടം

The spoiled aravana stored in Sabarimala for a year and a half will be turned into manure
The spoiled aravana stored in Sabarimala for a year and a half will be turned into manure

പത്തനംതിട്ട: ശബരിമലയില്‍ ഒന്നരവര്‍ഷത്തിലേറെയായി  സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഈ തീര്‍ഥാടനകാലത്തിന് മുന്‍പ് നശിപ്പിക്കും. ഇതിനുള്ള ടെന്‍ഡര്‍ ദേവസ്വംബോര്‍ഡ് അംഗീകരിച്ചു. ടെന്‍ഡര്‍ എടുത്ത കമ്പനിയുമായി ദേവസ്വംബോര്‍ഡ് കരാര്‍ വെക്കുന്നതോടെ സന്നിധാനത്തുനിന്ന് അരവണ നീക്കും. കേടായ അരവണ വളമാക്കും. എറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനി 1.15 കോടി രൂപയ്ക്കാണ് കരാര്‍ എടുത്തത്.

മൂന്ന് കമ്പനികളില്‍ എറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് ഈ കമ്പനിയാണ്. അനുവദനിയമായതില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് 2023 ജനുവരി 11-നാണ് ഈ അരവണയുടെ വില്‍പ്പന ഹൈക്കോടതി തടഞ്ഞത്. ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, അരവണയില്‍ ചേര്‍ത്ത എലയ്ക്കയില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് ഹര്‍ജിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ല. കേസ് തള്ളിപ്പോകുകയും ചെയ്തു.

പക്ഷേ, മാസങ്ങള്‍ പലത് കഴിഞ്ഞതിനാല്‍ ആ അരവണ ഭക്തര്‍ക്ക് നല്‍കേണ്ട എന്ന് ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. 6.65 കോടി രൂപ വിലവരുന്ന അരവണയാണ് വില്‍ക്കാന്‍ കഴിയാതെവന്നത്. ഇത് നശിപ്പിക്കാന്‍ 1.15 കോടി രൂപയുടെ ടെന്‍ഡറിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയത്. ഫലത്തില്‍ 7.80 കോടി രൂപയുടെ നഷ്ടമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഉണ്ടാകുക.
 

Tags