വിഡി സതീശനെതിരായ 150 കോടിയുടെ കോഴ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും

google news
VD Satheesan

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ ഇതര സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശി ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ വിജിലന്‍സ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അന്‍വര്‍ എംഎല്‍എ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളില്‍ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പിവി അന്‍വര്‍ ആരോപിച്ചത്.
ആരോപണം കേട്ട് ഞാന്‍ ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്നായിരുന്നു വിഡി സതീശന്റെ പരിഹാസം.

Tags