ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദിച്ചു ; നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റിൽ

google news
royvayalatt

കൊച്ചി : നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിലിനെയും ജീവനക്കാരെയും ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മറ്റു പ്രതികൾക്കായ് പൊലീസ് തെരച്ചിൽ തുടരുകയാണ്. റോയ് വയലാറ്റിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.

ചേർത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണ് റോയ് വയലാറ്റിലിനെ അറസ്റ്റ് ചെയ്തത്. ഡിജെ പാർട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാറ്റും മറ്റുള്ളവരും ആവശ്യപ്പെട്ടു. പിന്നാലെ, ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ നൽകണമെന്ന് ഫയാസ് പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മർദനമുണ്ടായത്. ഫയാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്ന മറ്റൊരും കേസ് റോയ് വയലാറ്റിലിനെതിരെ നിലവിലുണ്ട്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റിലിനും സൈജു തങ്കച്ചനും പ്രതികളാണ്.

തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ അന്ന് കോടതിയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചിരുന്നു.

Tags