പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച : പ്രതിയുമായി തെളിവെടുപ്പ് നടത്തി

ssss

പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് പിലാത്തറയിലെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി. നിരവധി മോഷണ കേസുകളിലെ പ്രതിയായ തൃശൂര്‍ ചാലക്കുടി കോടശേരി ജെയ്‌സണെയാണ് (സുനാമി ജെയ്‌സണ്‍) സ്ഥലത്തെത്തിച്ച് ഒറ്റപ്പാലം പോലീസ് തെളിവെടുപ്പ് നടത്തിയത്. മറ്റൊരു കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ജെയ്‌സണെ കോടതി മുഖാന്തരം കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

ചുനങ്ങാട് പിലാത്തറ ആന്തൂര്‍കുന്നത്ത് മനയില്‍ സുധീറിന്റെ പൂട്ടിയിട്ട വീട്ടിലാണ് കവര്‍ച്ച നടത്തിയത്. നാല് പവന്‍ സ്വര്‍ണവും 10,000 രൂപയും രണ്ട് ജോഡി വെള്ളി പാദസരങ്ങളും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
മതില്‍ ചാടിക്കടന്ന് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്തതും എങ്ങനെയെന്ന് ജെയ്‌സണ്‍ പോലീസിനോട് വിശദീകരിച്ചു. വീടിന്റെ പുറകില്‍ സൂക്ഷിച്ചിരുന്ന പിക്കാസ് ഉപയോഗിച്ചാണ് വാതില്‍ പൊളിച്ചത്. ഫെബ്രുവരി 25ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കവര്‍ച്ച നടത്തിയതെന്ന് ജെയ്‌സണ്‍ പറഞ്ഞു. മോഷണ മുതലുകള്‍ 52,000 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റതായും പോലീസ് അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ക്ക് വേണ്ടി കുടുംബം വീട് പൂട്ടി പോയപ്പോഴായിരുന്നു കവര്‍ച്ച. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ഒരു ഭാഗം പൊളിച്ച് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്.

ഇവിടെനിന്ന് ലഭിച്ച ജെയ്‌സണിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. മറ്റൊരു കേസില്‍ കുന്നംകുളം പോലീസിന്റെ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ജെയ്‌സണെ ജയിലിലെത്തിയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒറ്റപ്പാലത്ത് കോടതിയില്‍ ഹാജരാക്കിയതിന് ശേഷമായിരുന്നു തെളിവെടുപ്പ്. ഒറ്റപ്പാലം എ.എസ്.പി. രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സുരേഷ് ബാബുവും സംഘവുമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
 

Tags