പാലക്കാട് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

google news
Couple arrested in Palakkad robbery case of 3.5 crore rupees

പാലക്കാട്: പഴയ ഇരുമ്പുസാധനങ്ങളുടെ (സ്‌ക്രാപ്) വ്യാപാരം സംബന്ധിച്ച ഇടപാടിന്റെ പേരില്‍ മൂന്നര കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാ ഭായ് (48), ഭര്‍ത്താവ് കെ.സി. കണ്ണന്‍ (60) എന്നിവരെയാണ് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘം പിടികൂടിയത്. ആന്ധ്രാപ്രദേശ് സ്വദേശികളുടെ പരാതി പ്രകാരമാണ് അറസ്റ്റ്. 

പഴയ ഇരുമ്പ് ഉത്പന്നങ്ങള്‍ (സ്‌ക്രാപ്) നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.51 കോടി രൂപ കൈക്കലാക്കിയെന്നാണ് കേസ്. ഉരുപ്പടികളും പണവും ലഭിക്കാതായതോടെയാണ് ആന്ധ്ര സ്വദേശികള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്.പിന്നീട് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ബാങ്ക് വഴിയായിരുന്നു പണമിടപാടെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എ. അബ്ദുല്‍ സലാം, എസ്.ഐമാരായ വി.ആര്‍. മനോജ്കുമാര്‍, ഷിലന്‍, കെ. പ്രകാശന്‍, അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

Tags