അധിക്ഷേപ പരാമര്‍ശത്തില്‍ സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

ramakrishnan

ചാലക്കുടി: അധിക്ഷേപ പരാമര്‍ശത്തില്‍ നര്‍ത്തകി സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍. ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നുകാട്ടി ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.

പത്തിലധികം പേജുള്ള പരാതിയാണ് സമര്‍പ്പിച്ചത്. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറിയിട്ടുണ്ട്. അഭിമുഖം നല്‍കിയത് വഞ്ചിയൂരില്‍ ആയതിനാല്‍ പരാതി വഞ്ചിയൂര്‍ പൊലീസിന് കൈമാറുമെന്ന് ചാലക്കുടി പൊലീസ് പറഞ്ഞു.

പരാമര്‍ശത്തില്‍ സത്യഭാമയ്ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം. സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

വിവാദമായ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് താന്‍ ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് സത്യഭാമ പറഞ്ഞത്. തന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബര്‍ അധിക്ഷേപം നടത്തുന്നു.

ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നല്‍കിയത്. ഫേസ്ബുക്കിലൂടെയാണ് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്‍കി. ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

Tags