വെള്ളക്കെട്ട് ദുരിതത്തിൽ നിരണം ഇരതോട് നിവാസികൾ

nii
തിരുവല്ല : വെളളപ്പൊക്കമാണോ വെളളക്കെട്ടാണോ ദുരിതമെന്ന് ചോദിച്ചാല്‍ പത്തനംതിട്ടയിലെ നിരണം ഇരതോട് സ്വദേശികള്‍ പറയുക വെളളക്കെട്ടെന്നാകും. തങ്ങളുടെ ജീവിതം ചൂണ്ടിക്കാട്ടിയാണ് അവർ ഈ ചോദ്യത്തിനു മറപടി നല്‍കുക.

വർഷത്തിൽ എട്ടുമാസ കാലത്തോളം വെള്ളക്കെട്ടിൽ ജീവിക്കുവാൻ ആണ് നിരണം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ഇരതോട് സ്വദേശികളായ 20 ഓളം കുടുംബങ്ങളുടെ ദുർഗതി.

niranam

വർഷങ്ങളായി ഇതാണ് സ്ഥിതി. ഏതാനും ദിവസം  ശക്തമായ മഴ പെയ്താല്‍ വീടുകൾക്ക് ഉള്ളിൽ വരെ വെള്ളം കയറും. സാധാരണയിലും താഴ്ന്ന ഭൂ പ്രദേശമെന്നതാണ് ദുരിതത്തിന്റെ കാരണങ്ങളില്‍ പ്രധാനം. ഇക്കാരണത്താല്‍തന്നെ വെളളം ഓവു ചാലുകളിലൂടെ ഒഴുകിപ്പോകുകയുമില്ല. കയറിയ വെളളം കിടന്നു വറ്റുന്നതുവരെ ദുരിതം സഹിക്കണം. അതിനു ചിലപ്പോൾ വേനല്‍ക്കാലം വരെ കാത്തിരിക്കേണ്ടിയും വരാം.

ni

വെളളക്കെട്ട് ഒരാഴ്ച പിന്നിടുന്നതോടെ, ചെടികളും മറ്റും അഴുകി മറ്റ് മാലിന്യങ്ങളും ചേർന്ന് പ്രദേശത്ത് അസഹ്യമായ ദുർഗന്ധം ഉയരും. കുട്ടികളും പ്രായമേറിയവരുമല്ലാം മുറ്റത്തേയ്ക്ക് ഒന്നിറങ്ങാനാകാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടും. ചുറ്റും വെളളക്കെട്ടായതിനാല്‍ ഒരു പയറുമണിപോലും കിളിര്‍പ്പിക്കാനാകില്ല. കരതെളിയുന്ന കാലത്ത് എന്തെങ്കിലും കൃഷി ചെയ്താല്‍ ഫലം കിട്ടിത്തുടങ്ങുന്നതിനു പിന്നാലെ അടുത്ത വെളളക്കെട്ട് ആകും. ഇക്കുറി വെളളക്കെട്ട് ഉണ്ടായതോടെ നാട്ടുകാര്‍ സംഘടിച്ചു.

nii

ആറ്റില്‍ നിന്നും ഇടയോടി ചെമ്പ് പാടശേഖരത്തിലേയ്ക്ക് വെളളം മെത്തിക്കുന്ന ചാല്‍ മണ്ണ് മാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ തുറന്നു. പ്രദേശവാസി കയ്യേറി മൂടിയ ചാല്‍ തുറന്നതോടെ വെളളക്കെട്ടിന് അല്‍പം ആശ്വാസമായിട്ടുണ്ട്. എന്നാലും വെളളം അതുകൊണ്ടും പൂര്‍ണ്ണമായി ഒഴിഞ്ഞുപോകുന്നില്ല. സ്കൂള്‍ തുറക്കുന്നതോടെ, കുട്ടികളുടെ യാത്രയും പ്രശ്നത്തിലാകും.

nir

പതിവാകുന്ന വെള്ളക്കെട്ടിൽ നിന്നും രക്ഷനേടാൻ പ്രദേശത്തെ നിരവധി വീടുകളാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർത്തുന്നത്. ഇത് ഏറെ പണച്ചിലവ് ഉള്ളതിനാൽ സാധാരണക്കാർക്ക് സാധ്യമാകാതെ വരുന്ന അവസ്ഥയും ഉണ്ട്.  

അപ്പര്‍ കുട്ടനാടാന്‍  മേഖലയില്‍ സമാന സ്ഥിതി നേരിടുന്ന മേഖലകൾ ഇനിയും ഏറെയുണ്ട്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

Tags