സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരനെ ചവിട്ടിയ സംഭവം : പോലീസുകാരന് സ്ഥലംമാറ്റം
replacement

തിരുവനന്തപുരം : കഴക്കൂട്ടത്ത് സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധിച്ചവരിലൊരാളെ ചവുട്ടിയ പോലീസുകാരനെ സ്ഥലം മാറ്റി.മംഗലപുരം പോലീസ് സ്റ്റേഷനിലെ സി പി ഒ. എം ശബീറിനെ എ ആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് സ്ഥലം മാറ്റമുണ്ടായത്. വകുപ്പുതല അന്വേഷണം പോരായെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമുണ്ടായിരുന്നു.

ശബീര്‍ ചവുട്ടിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഒരിടവേളക്ക് ശേഷം സില്‍വര്‍ ലൈനിന് വേണ്ടിയുള്ള കല്ലിടല്‍ കഴക്കൂട്ടത്ത് പുനരാരംഭിച്ചപ്പോഴായിരുന്നു സംഭവമുണ്ടായത്. കണിയാപുരം കരിച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും സംഘടിച്ചെത്തി തടഞ്ഞതിന് പിന്നാലെയാണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

അപ്പോഴാണ് പോലീസുകാരന്‍ പ്രതിഷേധക്കാരിലൊരാളെ ചവുട്ടിയത്. ഇതിന്‍്റെ ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിഷേധക്കാരന്‍്റെ മുഖത്തടിച്ച ശേഷമാണ് ചവുട്ടിയെന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നേരത്തേ പല ക്രിമിനല്‍ കേസുകളിലും ശബീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share this story