പ്രാദേശിക വികസന പദ്ധതി: ആലപ്പുഴയിൽ മൂന്ന് കോടി 12 ലക്ഷത്തോളം രൂപയുടെ ഭരണാനുമതി ലഭിച്ചു- കെ.സി.വേണുഗോപാല്‍ എംപി


ആലപ്പുഴ: എം.പിയുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം മണ്ഡലത്തില്‍ 31 വിവിധ പ്രവൃത്തികളിലായി മൂന്ന് കോടി 12 ലക്ഷത്തോളം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഇതില്‍ 12 അംഗനവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണം, നിരവധി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം, വിവിധ ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മ്മാണം, കുടിവെള്ള പദ്ധതികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ഉള്‍പ്പെടുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു.
പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികളുടെ അവലോകനയോഗം എം.പി നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ വച്ച് ചേര്‍ന്നു.ഈ പദ്ധതികളുടെ ഭൂരിഭാഗം പ്രവൃത്തികളും ധൃതഗതിയില്‍ മുന്നോട്ടു പോകുന്നുണ്ടെങ്കിലും ചില പദ്ധതികളുടെ നടത്തിപ്പിലുണ്ടാകുന്ന സാങ്കേതിക കാലതാമസം ആശ്വാസ്യമല്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി വ്യക്തമാക്കി. അപ്രകാരമുള്ള പദ്ധതികള്‍ നിരീക്ഷിച്ച് അടിയന്തരമായി പൂര്‍ത്തീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് എംപി നിര്‍ദ്ദേശം നല്‍കി.

പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഗുണമേന്മ ഉറപ്പാക്കണം. ഫണ്ട് വിനിയോഗത്തില്‍ കൃത്യമായ സുതാര്യത ഉറപ്പാക്കണം. എസ്.സി,എസ്.ടി വിഭാഗഭങ്ങളില്‍പ്പെടുന്നവര്‍ക്ക് ഗുണകരമായ രീതിയില്‍ അവര്‍ക്കായി നീക്കിവെച്ചിരിക്കുന്ന ഫണ്ട് ഗുണപരമായി വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി.