വണ്ടിപ്പെരിയാർ പീഡനം ; കേസിൽ വിചാരണ ആരംഭിച്ചു
court

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ ഫിലിപ്പ് തോമസ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ ജൂൺ 30ന് ആണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിൽ സമീപവാസിയായ അർജുനാണ് പ്രതി. വിചാരണയുടെ ആദ്യ ദിവസം പത്ത് സാക്ഷികൾക്കാണ് സമൻസ് അയച്ചിരുന്നത്. ഇവരെല്ലാം ഹാജരായെങ്കിലും ഒന്നും രണ്ടും സാക്ഷികളായ അയൽവാസികളുടെ വിസ്‌താരം മാത്രമാണ് പൂർത്തിയായത്. പ്രതി അർജുന്റെ അച്ഛൻ അടക്കമുള്ള 5 സാക്ഷികൾ നാളെ കോടതിയിൽ ഹാജരാകണം.

പ്രതിക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ ആക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ സെഷൻസ് കോടതിയിൽ ഹരജി നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ ആവശ്യം സ്‌പെഷ്യൽ കോടതിയിൽ ഉന്നയിച്ചെങ്കിലും കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.

ഈ മാസം 20ന് മുൻപ് വിചാരണ പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. പെൺകുട്ടിക്ക് മൂന്ന് വയസുള്ളപ്പോൾ മുതൽ പ്രതി ലൈംഗികമായി ചൂഷണം ചെയ്‌തിരുവന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തൊടുപുഴ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 65 സാക്ഷികൾ അടങ്ങുന്ന 300 പേജുള്ള കുറ്റപത്രത്തിൽ 250ഓളം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ അയൽവാസിയും പ്രതിയുമായ അർജുനെ അറസ്‌റ്റ് ചെയ്‌ത്‌ 78 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടക്കുന്ന ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു. ശേഷം ഇയാൾ തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു.

Share this story