ബലാത്സംഗകേസ് : സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യഹരജി തള്ളി ഹൈകോടതി

Siddique
Siddique

കൊച്ചി: ലൈംഗികാരോപണം നേരിടുന്ന നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിം​ഗ്ൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്നാൽ നിരപരാധിയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

വർഷങ്ങൾക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവത്തിലാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. 2018ൽ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടി ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ആ ഘട്ടത്തിലൊന്നും ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ തനിക്കെതിരെയുള്ള ആരോപണം ബലപ്പെടുത്താനാണ് യുവതി ബലാത്സംഗക്കുറ്റം ആരോപിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. എന്നാൽ ഈ വാദങ്ങൾ ഹൈകോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ വൈകാതെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, തിരുവനന്തപുരത്ത് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തിയിരുന്നു. ഹോട്ടൽ രജിസ്റ്റർ, ഫോൺ കോളുകൾ എന്നിവയെല്ലാം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകൾ എസ്.ഐ.ടി കോടതിയിൽ ഹാജരാക്കി. സാഹചര്യത്തെളിവുകൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല എന്ന നിലപാട് ഹൈകോടതി സ്വീകരിക്കുകയായിരുന്നു.

യുവനടിയുടെ ലൈഗികാരോപണത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ നടിയാണ് പരാതിയുമായി രംഗത്തുവന്നത്. 2012ൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ഇവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു.

ഹോട്ടൽ രേഖകൾ ഉൾപ്പടെയുള്ള തെളിവുകളും യുവതി പുറത്തുവിട്ടു. സിനിമയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എസ്.ഐ.ടിക്ക് കൈമാറുകയായിരുന്നു.

Tags