റാങ്ക് ഹോൾഡറാണ് , തുടർന്ന് പഠിക്കണം, ഒറ്റമകളാണ്, ശിക്ഷയിൽ ഇളവ് നൽകണം; ഷാരോൺ വധക്കേസിൽ ഗ്രീഷ്മ
തിരുവനന്തപുരം: സ്നേഹിച്ച പുരുഷനെ പ്രണയം നടിച്ച് കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ഗ്രീഷ്മ. എം എ ഇംഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിലെ അന്തിമവാദത്തിനിടയിൽ പറഞ്ഞു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്തിമവാദം കേൾക്കുന്നത്.
തനിക്ക് പറയാനുള്ളത് ഗ്രീഷ്മ രേഖാമൂലം കോടതിയിൽ എഴുതി നൽകുകയായിരുന്നു. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ കൈമാറിയാണ് പഠിക്കണമെന്ന ആഗ്രഹം പങ്കുവച്ചത്. 24 വയസ് മാത്രമാണ് തന്റെ പ്രായമെന്നും വീട്ടിലെ ഏക മകളാണെന്നും ഗ്രീഷ്മ പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും ഗ്രീഷ്മയ്‌ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയ്‌ക്ക് ചെകുത്താന്റെ മനസാണ്. ഉന്നതവിദ്യാഭ്യാസം ഉപയോഗിച്ച് ക്രൂരകൃത്യം നടത്തി. ഷാരോണിന്റെ സ്വപ്നം ഗ്രീഷ്മ തകർത്തു. ഗ്രീഷ്മ ദയ അർഹിക്കുന്നില്ല. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ട്. പരിശുദ്ധ പ്രണയമെന്ന ധാരണയെ തന്നെയാണ് കൊല ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്‌മെയിൽ ചെയ്തുവെന്നും ഷാരോണിന് ബ്രൂട്ടൽ മനസുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്ക് ഇതിന് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ ശിക്ഷാവിധി തിങ്കാളാഴ്ച വിധിക്കും.