മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എന്‍എസ്എസ്

ramesh chennithala
ramesh chennithala

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എന്‍എസ്എസും തമ്മിലുള്ള അകല്‍ച്ചയ്ക്ക് വിരാമമാകുന്നു. മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍ എന്‍എസ്എസ്. ഇതോടെ കഴിഞ്ഞ 11 വര്‍ഷമായി നിലനിന്നിരുന്ന അകല്‍ച്ചയാണ് മായുന്നത്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷകനായി അദ്ദേഹം എത്തുന്നതോടെ എന്‍എസ്എസുമായുള്ള പഴയ സ്‌നേഹബന്ധത്തിലേക്ക് കടക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. മാത്രവുമല്ല വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ച ഈ വിഷയത്തില്‍ ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ താക്കോല്‍ സ്ഥാന പരാമര്‍ശം ചെന്നിത്തല തള്ളിപ്പറഞ്ഞതായിരുന്നു അകല്‍ച്ചക്ക് കാരണം. കുറെ നാളുകളായി എന്‍എസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 2013 ല്‍ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോല്‍ സ്ഥാന വിവാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എന്‍എസ്എസ് ജെനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരന്‍ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് അന്ന് ബോധപൂര്‍വ്വം തള്ളി പറയേണ്ടിവന്നു. ഇതാണ് ചെന്നിത്തലയെ എന്‍എസ്എസുമായുള്ള അകല്‍ച്ചയിലേക്ക് നയിച്ചത്.

Tags