രാജ്യസഭാ സീറ്റ് തര്‍ക്കം; സിപിഐഎം സിപിഐ ഉഭയക്ഷി ചര്‍ച്ച ഇന്ന്

google news
cpm cpi

എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ സിപിഐഎം സിപിഐ ഉഭയക്ഷി ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 9.30ന് എകെജി സെന്ററിലാണ് സിപിഐഎം സിപിഐ ഉഭയകക്ഷി ചര്‍ച്ച നടക്കുക. എം വി ഗോവിന്ദനും ബിനോയ് വിശ്വവും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചുമതലപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് പ്രശ്‌നം പരിഹരിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.
സിപിഐയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയുമായും ചര്‍ച്ച നടത്തും. സിപിഐക്ക് രാജ്യസഭാ സീറ്റ് നല്‍കുകയും കേരള കോണ്‍ഗ്രസ് എമ്മിന് മറ്റു പദവികള്‍ നല്‍കി അനുനയിപ്പിക്കുകയും ചെയ്യുന്നതാണ് പരിഗണനയില്‍. രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് എമ്മിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാതായി. ഈ പശ്ചാത്തലത്തില്‍ രാജ്യസഭാ സീറ്റ് അനുവദിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
രാജ്യസഭാ സീറ്റ് വിഭജനത്തിലെ അന്തിമ തീരുമാനത്തിനായി വരുന്ന തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിനു മുന്‍പ് പരിഹാര ഫോര്‍മുല രൂപീകരിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും പുറമേ എന്‍സിപി ആര്‍ജെഡി കക്ഷികളും രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കെ രാധാകൃഷ്ണന്‍ ഒഴിയുന്ന മന്ത്രിസ്ഥാനം വേണമെന്നാണ് ആര്‍ജെഡിയുടെ പുതിയ ആവശ്യം. എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സിപിഐഎം ഏറ്റെടുക്കും. ഈ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച തീരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കും.

Tags