അപൂർവ കുരിശ് ശേഖരത്തിന്റെ കഥയറിയാൻ രാജീവ് ചന്ദ്രശേഖറെത്തി

google news
ssss

തിരുവനന്തപുരം: നാലു പതിറ്റാണ്ടുകാലത്തെ കഠിനാധ്വാനത്തിലൂടെ ഡോ. ആർതർ ജേക്കബ് സമാഹരിച്ച 950 കുരിശുകളുടെ വിസ്മയ ശേഖരം കാണാൻ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറെത്തി. തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഈ അപൂർവ്വ കുരിശു ശേഖരത്തെ കുറിച്ച് കേട്ടറിഞ്ഞാണ് സ്ഥാനാർത്ഥി വൈഎംസിഎ ഹാളിലെ പ്രദർശനം കാണാനെത്തിയത്. ഈ അപൂർവ്വ ശേഖരമൊരുക്കാൻ ഡോ. ജേക്കബ് എടുത്ത കഠിനാധ്വാനത്തേയും അർപ്പണ മനോഭാവത്തേയും രാജീവ് ചന്ദ്രശേഖർ പ്രശംസിച്ചു. സ്ഥാനാർത്ഥി 15 മിനിറ്റോളം പ്രദർശനഹാളിൽ ചെലവഴിച്ചു.

ഒരു മീറ്റർ ഉയരമുള്ള ലത്തീൻ കുരിശു മുതൽ മൂന്ന് മില്ലിമീറ്റർ മാത്രം വലിപ്പമുള്ള കുഞ്ഞൻ കുരിശു വരെ ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വൈവിധ്യത്തിന്റെ നേർക്കാഴ്ചയാണീ കുരിശു ശേഖരം. വെള്ളായണി കാർഷിക കോളേജിലെ മുൻ അസോസിയേറ്റ് ഡയറക്ടറായ ഡോ. ജേക്കബ് 44 രാജ്യങ്ങളിൽ നിന്നാണ് ഈ കുരിശുകൾ ശേഖരിച്ചത്. അന്വേഷിച്ചിട്ടും കിട്ടാതിരുന്ന പുരാതന കുരിശു രൂപങ്ങളുടെ ചിത്രങ്ങൾ കണ്ടെത്തി അവ തേക്കുതടിയിൽ ഡോ. ജേക്കബ് പുനർനിർമ്മിച്ചിട്ടുണ്ട്. ഇങ്ങനെ തയാറാക്കിയ 46 കുരിശു മാതൃകകളും ഈ ശേഖരത്തിലുണ്ട്. ലത്തീൻ, ഗ്രീക്ക്, ജറുസലേം, കോപ്റ്റിക് തുടങ്ങി വിവിധ ഇനങ്ങളിലുള്ള കുരിശുകളാണിവ.

40 വർഷം മുൻപ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീ വത്തിക്കാനിൽനിന്നു കൊണ്ടുവന്ന കുരിശായിരുന്നു ശേഖരത്തിൽ ആദ്യത്തേത്. ഈ ശേഖരത്തിലിപ്പോൾ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള 950 കുരിശുരൂപങ്ങളുണ്ട്. ദുബായിൽ നിന്ന് വാങ്ങിയ കല്ലുപതിച്ച സ്വർണം പൂശിയ കുരിശാണ് കൂട്ടത്തിൽ ഏറ്റവും മൂല്യമേറിയത്. കൂടാതെ 35 ഭാഷകളിലുള്ള ബൈബിളുകളും സൂക്ഷിക്കുന്നു. സുഹൃത്ത് ഇമ്മാനുവൽ ഹെൻട്രി തയ്യാറാക്കിയ ബൈബിളിന്റെ കൈയെഴുത്തു പ്രതിയും ഇന്തോനേഷ്യയിൽ നിന്നു വാങ്ങിയ കുഞ്ഞു ബൈബിളും ശ്രദ്ധേയമാണ്. പട്ടം പ്ലാമൂട് സ്വദേശിയാണ് ഡോ. ജേക്കബ്.

Tags