ജോലിക്കായി മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകം : രാജീവ് ചന്ദ്രശേഖർ

google news
Rajeev Chandrasekhar

തിരുവനന്തപുരം: അഭ്യസ്ത വിദ്യരായിട്ടും ഉന്നത ബിരുദങ്ങൾ ഉണ്ടായിട്ടും തൊഴിലിനായി സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ യുവാക്കളെന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. 

നിയമനം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 34 ദിവസങ്ങളായി സമരമിരിക്കുന്ന സി.പി.ഒ. റാങ്ക് ഹോൾഡേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫഷണൽ ഡിഗ്രിയുള്ളവർ പോലും ജോലിക്കായി റോഡിലൂടെ മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ കേരളത്തിലെ യുവജനങ്ങൾ തൊഴിലില്ലാതെ സമരമിരിക്കേണ്ടി വരില്ല. പിൻവാതിലിലൂടെയല്ലാ മുൻവാതിലിലൂടെ തന്നെ അർഹരായ എല്ലാവർക്കും തൊഴിൽ ലഭിക്കും. ഇതാണ് മോദിയുടെ ഗാരൻറിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തങ്ങൾ നേരിടുന്ന അവഗണനയും ഇടതുപക്ഷ സർക്കാരിന്റെ പക്ഷപാത നിലപാടുകളെ കുറിച്ചും ഉദ്യോഗാർഥികൾ മന്ത്രിയോട് പറഞ്ഞു. കേരളത്തിൽ എല്ലാം സി.പി.എം വൽക്കരിച്ചിരിക്കുന്നു. തൊഴിൽ ലഭിക്കാനുള്ള മാനദണ്‌ഡം വിദ്യാഭ്യാസവും യോഗ്യതയും ഒന്നുമല്ല. സി.പി.എം പ്രവർത്തകനാകുക എന്നതാണ്. എല്ലാ റാങ്കു പട്ടികകളും അട്ടിമറിച്ച് സി.പി.എം പ്രവർത്തകരെയും ഇഷ്ടക്കാരെയും ഉദ്യോഗസ്ഥാനങ്ങളിലേക്ക് പിൻവാതിൽ നിയമനം നടത്തുകയാണെന്ന് അവർ പറഞ്ഞു.

കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുമെന്ന ഉറപ്പ് രാജീവ് ചന്ദ്രശേഖർ നൽകി. പിൻവാതിൽ നിയമനങ്ങൾ തടയുകയും പി.എസ്.സി വഴിയുള്ള നിയമനങ്ങൾ കൂടുതൽ സുതാര്യമാവുകയും വേണം. അതിനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകി.

Tags