'ക്ഷേത്രത്തിൽ അങ്ങനെ ഒരു പൂജ നടക്കാറില്ല, ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം'; കർണാടക സർക്കാരിനെതിരെ മൃ​​ഗബലി നടന്നുവെന്ന ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം

rajarajeswara

കണ്ണൂർ: കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടന്നെന്ന കർണാടക കോൺ​ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം. ക്ഷേത്രത്തിൽ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും ദേവസ്വം ട്രസ്റ്റി ടി ടി മാധവൻ പറഞ്ഞു.

മൃഗബലിയോ മറ്റ് യാഗങ്ങളോ ക്ഷേത്ര പൂജയുടെ ഭാഗമല്ല. അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല എന്നും   ബിജെപി നേതാവും കർണാടക മുൻമുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ ക്ഷേത്രത്തിൽ വരാറുള്ളത് കൊണ്ട് ഉണ്ടായ തെറ്റിധാരണയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടക്കുന്നുണ്ടെന്നായിരുന്നു ഡി കെ ശിവകുമാർ ആരോപിച്ചത്. ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എനിക്കെതിരെയുള്ള അവരുടെ പരീക്ഷണങ്ങൾ തുടർന്നോട്ടെ. ഞാൻ വിശ്വസിക്കുന്ന എന്റെ ശക്തി എന്നെ രക്ഷിക്കും. ഇതൊക്കെ ചെയ്യുന്നത് ആരാണെന്ന് എനിക്കറിയാം. എന്നാൽ അത് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags