അതിശക്‌തമായ മഴ ; അരുവിക്കര ഡാം തുറന്നു, ജാഗ്രത

google news
കനത്ത മഴ : അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ കൂടി ഉയർത്തുന്നതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ ജെസിബി, ബോട്ടുകൾ, മറ്റ് ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെക്കാൻ പോലീസ് സ്‌റ്റേഷനുകൾക്ക് സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പോലീസ് സ്‌റ്റേഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ മലയോര മേഖലകളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. സംസ്‌ഥാന കൺട്രോൾ റൂമുകളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Tags