ദുരിതമഴ : 2291 പേർ ദുരിതാശ്വാസ ക്യാംപിൽ
rain-


തിരുവനന്തപുരം : മഴക്കെടുതികളെത്തുടർന്ന് 95 ദുരിതാശ്വാസ ക്യാംപുകളിലായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ 23 വീടുകൾ പൂർണമായും 71 എണ്ണം ഭാഗികമായും തകർന്നു. 9 ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) രക്ഷാപ്രവർത്തനത്തിനുണ്ട്. പത്തനംതിട്ട ജില്ലയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എൻഡിആ‍ർഎഫിന്റെ അധിക ടീമിനെ സജ്ജമാക്കാനും റവന്യു മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം തീരുമാനിച്ചു.

എല്ലാ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കണമെന്നു മന്ത്രി രാജൻ നിർദേശം നൽകി. താലൂക്ക് സെന്ററുകളിൽ ഡപ്യൂട്ടി തഹസിൽദാർക്കാണു ചുമതല. തഹസിൽദാർമാരും വില്ലേജ് ഓഫിസർമാരും ജോലി സ്ഥലത്തിനടുത്തു ക്യാംപ് ചെയ്യണം. അടുത്ത 4 ദിവസം എല്ലാ ഉദ്യോഗസ്ഥരും ഓഫിസിൽ ഉണ്ടാകണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അവധി അനുവദിക്കരുതെന്നും നിർദേശിച്ചു.

വിവിധ ജില്ലകളിലെ സ്ഥിതിയിങ്ങനെ:

∙ പത്തനംതിട്ട: റാന്നി താലൂക്കിലെ വെൺകുറിഞ്ഞി, ശബരിമല പാതയിലെ ളാഹ എന്നിവിടങ്ങളിലായി 48 മണിക്കൂറിൽ 213 മില്ലിമീറ്റർ മഴ പെയ്തു. 18 ദുരിതാശ്വാസ ക്യാംപുകളിലായി 310 പേരെ പ്രവേശിപ്പിച്ചു.

∙ ആലപ്പുഴ: അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിലും ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ഇല്ല.

∙ കോട്ടയം: കിഴക്കൻ മേഖലയിൽ മഴ ശക്തം. പാലായിൽ പല സ്ഥലങ്ങളിലും വെള്ളം കയറി.

∙ ഇടുക്കി: മഴ കുറഞ്ഞു. മൂന്നാർ കുണ്ടള, പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകൾ തുറന്നു.

∙ എറണാകുളം: പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ആലുവ മണപ്പുറവും ശിവക്ഷേത്രവും മുങ്ങി. ഏലൂരിൽ 126 വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്.

∙ ശബരിമല നിറപുത്തരിക്കെത്തുന്ന തീർഥാടകർക്ക് പമ്പാ സ്നാനത്തിന് അനുമതിയില്ലെന്നു കലക്ടർ അറിയിച്ചു.

Share this story