കോട്ടയത്ത് റെയിൽവേ ഇരട്ടപ്പാത മേയ് അവസാനം
railway track

കോട്ടയം : കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ വൈദ്യുതീകരിച്ച റെയിൽവേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. തിരുവനന്തപുരം – മംഗളൂരു പാതയിൽ പണി പൂർത്തിയാകാനുള്ള ഏറ്റുമാനൂർ – ചിങ്ങവനം സെക്‌ഷനിലെ ട്രാക്ക് നിർമാണ ജോലികൾ മേയ് അവസാനം പൂർത്തിയാകും.

റെയിൽപാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയിൽവേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി – സിആർഎസ്) പരിശോധന മേയ് മൂന്നാം വാരം ഏറ്റുമാനൂർ – ചിങ്ങവനം സെക്‌ഷനിൽ നടക്കും. തുടർന്ന് പാത കമ്മിഷനിങ് അടുത്ത മാസം അവസാനത്തോടെ നടക്കുമെന്ന് അധികൃതർ പറഞ്ഞു.

തിരുവനന്തപുരം – മംഗളൂരു 634 കിലോമീറ്റർ റെയിൽപാതയിൽ ഏറ്റുമാനൂർ – ചിങ്ങവനം ഭാഗത്തെ 16.5 കിലോമീറ്റർ ഭാഗം മാത്രമാണ് ഇരട്ടപ്പാത അല്ലാതിരുന്നത്. ഇരട്ടപ്പാതയാകുന്നതോടെ ട്രെയിൻ കോട്ടയം കടന്നുപോകാൻ എടുക്കുന്ന സമയം കുറയും. കോട്ടയം സ്റ്റേഷൻ നവീകരണം കൂടി പൂർത്തിയാകുന്നതോടെ പുതിയ ട്രെയിനുകൾ  ആവശ്യപ്പെടാൻ സംസ്ഥാനത്തിന് സാധിക്കുകയും ചെയ്യും.

2020ൽ പാത പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രളയവും കോവിഡും സ്ഥലം ഏറ്റെടുപ്പിലെ അനിശ്ചിതത്വവും പാത നിർമാണം 2 വർഷം കൂടി വൈകിപ്പിച്ചു.

Share this story