വയനാട്ടിലെ ജനങ്ങളോടുള്ള ആത്മബന്ധമാണ് രാഹുല്‍ ഇവിടെ തന്നെ മത്സരിക്കാന്‍ കാരണം ; രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ ഇന്ത്യയില്‍ എവിടെയും സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിലെ ജനങ്ങളോടുള്ള ആത്മബന്ധമാണ് രാഹുല്‍ ഇവിടെ തന്നെ മത്സരിക്കാന്‍ കാരണം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കാറില്ല, രാഹുല്‍ ഗാന്ധിയെ ആണ് വിമര്‍ശിക്കുന്നത്. നിയമസഭയ്ക്കകത്തോ പുറത്തോ മോദിയുടെയോ അമിത ഷായുടെയോ പേര് മുഖ്യമന്ത്രി പറയാറില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘മുഖ്യമന്ത്രി പറയുന്നത് ഇന്‍ഡ്യ മുന്നണിയെ പറ്റിയാണ്. കെസിയോട് ആലപ്പുഴയില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെട്ട ഒരാളാണ് ഞാന്‍. കഴിഞ്ഞ തവണ നമുക്ക് ആലപ്പുഴ മാത്രം കിട്ടിയില്ല. അതൊരു നിരാശ ആയിരുന്നു. അത് തിരിച്ചു പിടിക്കാന്‍ ആണ് കെസി വേണുഗോപാലിനെ ഇറക്കിയതെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ് ന്യായ് യാത്ര സമാപന വേദിയില്‍ ഇടതുപക്ഷം പങ്കെടുക്കാതിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതിയാണ് മോദി. ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. ജൂണ്‍ അഞ്ചാം തിയതി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ അധികാരത്തില്‍ വരിക കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിസിഎയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി രാഹുല്‍ ഗാന്ധി ആയിരുന്നു. കോണ്‍ഗ്രസ് നേതൃത്വവും സമാന നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതൊന്നും പിണറായി വിജയന്‍ കണ്ടില്ല. സിഎഎയ്ക്ക് എതിരെ സമരം ചെയ്തവര്‍ക്ക് എതിരെ ഗുരുതര സ്വഭാവമുള്ള കേസുകള്‍ എടുത്ത ആളാണ് പിണറായി വിജയന്‍. 

ചെറുപ്പക്കാര്‍ നാല് വര്‍ഷമായി കോടതി കയറിയിറങ്ങുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. സിഎഎയ്ക്ക് എതിരെ കേസ് കൊടുത്തത് മുസ്ലിം ലീഗാണ്. എന്തുകൊണ്ട് പിണറായി വിജയന്‍ കേസ് നല്‍കിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

Tags