വയനാട്ടിൽ ഇടത് സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിച്ച ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ നിശ്ചയിച്ചത്, ഇതിന്‍റെ എല്ലാ ഉത്തരവാദിത്തവും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനാണ് : ആനി രാജ

google news
LDF Annie Raja in Wayanad today

കൽപറ്റ: വയനാട്ടിലേത് സൗഹൃദ മത്സരമല്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ. രാജ്യത്തെയും ഭരണഘടനയെയും ജനങ്ങളെയും രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് ഇടത് സ്ഥാനാർഥികൾ മത്സരിക്കുന്നത്. മത്സരിക്കുന്നത് ജയിക്കാനാണെന്നും ആനി രാജ വ്യക്തമാക്കി.

ദേശീയ മുന്നണിയിലെ രണ്ട് പാർട്ടികൾ മത്സരിക്കണമോ എന്ന കാര്യത്തിൽ എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തിൽ എൽ.ഡി.എഫും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് ഇൻഡ്യ മുന്നണിയുടെ പ്രാരംഭ യോഗത്തിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് അങ്ങനെ നിൽകണമെന്നും ആനി രാജ പറഞ്ഞു.

ഇടത് സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ നിശ്ചയിച്ചത്. ഇതിന്‍റെ എല്ലാ ഉത്തരവാദിത്തവും കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനാണ്. വയനാട്ടിൽ മത്സരിക്കണമോ എന്ന് രാഹുൽ ഗാന്ധിയും ആലോചിക്കേണ്ടതാണ്.

ഒരു മുന്നണി സംവിധാനത്തിൽ വിട്ടുവീഴ്ചകൾ ആവശ്യമാണ്. ജനാധിപത്യത്തിൽ സിറ്റിങ് സീറ്റ് എന്നൊന്നില്ല. എല്ലാ സീറ്റുകളും ജനങ്ങളുടേതാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കി.
 

Tags