ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

google news
gr-anil

ജൂൺ ഒന്നുമുതൽ 35 ലക്ഷം മുൻഗണന കാർഡുകളിൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കേരളത്തിലെ 6,228 റേഷൻ കടകൾ വഴിയാകും ധാന്യ പൊടി വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻ കടകളിലും മറ്റു ജില്ലകളിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അഞ്ച് റേഷൻ കടകൾ വഴിയും റാഗിപ്പൊടി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലയിലൂടെ ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്.  നിരന്തരം  ചർച്ചകളുടെ ഭാഗമായി 998 ടൺ റാഗി നൽകാമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചതായും മന്ത്രി പറഞ്ഞു.

പൊതുവിതരണ സംവിധാനം വഴിയുള്ള റാഗി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, ഉപഭോക്തൃ കേരളം യൂട്യൂബ് ചാനൽ, ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ വെബ്‌സൈറ്റ്, സേവന അവകാശ നിയമപ്രകാരം വകുപ്പിൽ നിന്നുള്ള സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള എന്നിവയുടെ ഉദ്ഘാടനം, ഉപഭോക്തനയം കരട്  സമർപ്പണം, ഒപ്പം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം, ഉപഭോക്ത കേരളം കെ സ്റ്റോർ മാഗസിൻ പ്രത്യേക പതിപ്പിന്റെ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.  മില്ലറ്റ് സ്റ്റാൾ രാവിലെ മന്ത്രി ഉദ്ഘാടനം  ചെയ്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി  പി.എം. അലി അസ്ഗർ പാഷ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി കെ രാജു, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് പി വി ജയരാജൻ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ ഡി സജിത് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Tags