പൊലീസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പി വി അൻവർ ഉയർത്തിയത് ; എ കെ ബാലൻ
പാലക്കാട്: പൊലീസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ ഉയർത്തിയതെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ. മുഖ്യമന്ത്രി വ്യക്തവും കർശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. അന്വേഷണത്തിന് ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന മാതൃകാ സമീപനമാണ് അതെന്നും കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്നും എ കെ ബാലൻ പറഞ്ഞു.
കോൺഗ്രസിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന പൊലീസ് മുമ്പുണ്ടായിരുന്നു. കരുണാകരൻ്റെ കാലത്ത് വികൃതപ്പെട്ട പൊലീസ് സേനയെ കേരളം മറന്നിട്ടില്ല. ഗുരുതരമായ അഭ്യന്തര വീഴ്ചകളായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. യുഡിഎഫ് ഭരണകാലത്ത് ഐജി ടി കെ ജോസ് കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടതെല്ലാം എല്ലാവർക്കും ഓർമ്മയുണ്ടാവും.
പക്ഷേ സ്കോട്ട്ലാൻഡ് മാതൃകയിലുള്ളതായിരുന്നു തങ്ങളുടെ കാലത്തെ പൊലീസ് എന്നാണ് വി ഡി സതീശൻ പറയുന്നത്. പക്ഷേ യഥാർത്തത്തിൽ പിണറായി വിജയൻ്റെ കാലത്താണ് പൊലീസ് ഒരുപാട് അംഗീകാരങ്ങൾ നേടിയതെന്നും എ കെ ബാലൻ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിൽ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇന്നിറങ്ങി. ഇന്നലെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഷെയ്ക് ദർവേഷ് സാഹിബ് (ഡിജിപി), ജി സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.