പാർട്ടി നിർദേശം തള്ളി പി.വി. അൻവർ ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം ലംഘിച്ച് പി.വി. അൻവർ എം.എൽ.എ. ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണുമെന്ന് അൻവർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ.. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’ -എന്നാണ് അൻവർ ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി. അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളൊന്നും സി.പി.എമ്മും സർക്കാറും മുഖവിലയ്ക്കെടുത്തിരുന്നില്ല. താനുമായി ഉടക്കിയ എ.ഡി.ജി.പി അജിത്കുമാറിനെ സംരക്ഷിക്കുന്നതിൽ പ്രകോപിതനായാണ് പി.വി. അൻവർ, ശശിക്കെതിരെ തിരിഞ്ഞത്. ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച് മുഖ്യമന്ത്രിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കി ജയിക്കാമെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ.
എന്നാൽ, പിണറായി വിജയനുവേണ്ടി ആഭ്യന്തര വകുപ്പ് അടക്കിഭരിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറിയെ വില കുറച്ചു കണ്ടതിൽ അൻവറിന് പാളി. നിലമ്പൂരിൽ ആദ്യവെടി പൊട്ടിച്ച് കൂടുതൽ വിവരങ്ങൾ പറയുമെന്ന് മുന്നറിയിപ്പ് നൽകി തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനെത്തുമ്പോൾ അൻവറിന് സർക്കാറിൽ പ്രതീക്ഷ ഏറെയായിരുന്നു. എന്നാൽ, അഞ്ച് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പറ്റിയത്. ശശിയെയും അജിത്കുമാറിനെയും കൈവിടില്ലെന്ന് അപ്പോൾ പിണറായി വിജയൻ കൃത്യമായ സൂചന നൽകി. മുഖ്യമന്ത്രിയെ കണ്ടിറങ്ങിയതിനു പിന്നാലെ, പരാതിയുടെ പകർപ്പ് പാർട്ടി സെക്രട്ടറിക്ക് നൽകുമെന്ന് പറഞ്ഞത് അതുകൊണ്ടാണ്.
പകർപ്പ് നൽകിയപ്പോൾ ശശിയുടെ പേരില്ലെന്ന് പറഞ്ഞ് എം.വി. ഗോവിന്ദൻ കൈകഴുകി. ശശിയുടെ പേരെഴുതി പുതിയ പരാതി നൽകുക മാത്രമല്ല, അക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്ത അൻവറിന് എഴുതിക്കിട്ടിയാൽ എല്ലാം പരിശോധിക്കാമെന്ന പാർട്ടി സെക്രട്ടറിയുടെ ഉറപ്പിലായിരുന്നു അവസാന പ്രതീക്ഷ. അതും അസ്ഥാനത്താകുന്നതാണ് ബുധനാഴ്ച സെക്രട്ടറിയേറ്റ് യോഗത്തിൽ കണ്ടത്. പി. ശശിക്കെതിരായ അൻവറിന്റെ പരാതി സെക്രട്ടറിയേറ്റ് യോഗത്തിൽ വായിക്കുക പോലുമുണ്ടായില്ല.
പി. ശശിയുടേത് മാതൃകാപരമായ പ്രവർത്തനമെന്ന് വാർത്തസമ്മേളനം വിളിച്ച് പ്രകീർത്തിച്ച പിണറായി വിജയന്റെ വാക്കുകൾ ഏറക്കുറെ, അതുപോലെ എം.വി. ഗോവിന്ദനും മാധ്യമങ്ങൾക്കു മുന്നിൽ ഏറ്റുപാടി. പിന്നാലെ അൻവർ നാവടക്കണമെന്ന മുന്നറിയിപ്പുമെത്തി.