പി.വി അൻവർ പറയുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗം : എ.കെ ബാലൻ

ak
ak

തിരുവനന്തപുരം : പി.വി അൻവർ എം.എൽ.എ പറയുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. അൻവർ ഇത്തരം പ്രതികരണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇതിൽ തങ്ങൾക്ക് അദ്ഭുതമില്ല. പാർട്ടി സമ്മേളനങ്ങളാണ് അൻവറിന്റെ ലക്ഷ്യം.

മുഖ്യമന്ത്രിയേയും മകളേയും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരാണ് അൻവറിന്റെ ആരോപണങ്ങളെന്നും എ.കെ ബാലൻ പറഞ്ഞു. അൻവറിനെ സ്വാഗതം ചെയ്യുകയാണ് കോൺഗ്രസ് ഇപ്പോൾ. അൻവറിന്റെ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശരിവെച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് മത്സ്യവണ്ടിയിൽ പണം കടത്തിയെന്ന അൻവറിന്റെ ആരോപണവും ​വി.ഡി സതീശൻ ശരിവെക്കുമോയെന്നും എ.കെ ബാലൻ ചോദിച്ചു.

പാർട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി.ശശിയും ചേർന്നാണെന്ന് അൻവർ പറഞ്ഞു. നേതാക്കളുടെ സീനിയോറിറ്റി മറികടന്നാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്.

റിയാസ് മന്ത്രിയായതിൽ തെറ്റില്ല. എത് പൊട്ടനും മ​ന്ത്രിയാകാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് പി.വി അൻവർ മറുപടി നൽകി . പിണറായിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോൾ സി.പി.എമ്മിലുള്ളത്. മറ്റ് നേതാക്കൾക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ല. പുനഃപരിശോധനക്ക് നേതാക്കൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags