പുഷ്പന് അന്ത്യാജ്ഞലിയർപ്പിച്ച് ആയിരങ്ങൾ; കൂത്തുപറമ്പ് പറഞ്ഞു.. കോമ്രേഡ് റെഡ് സല്യൂട്ട്..

pushpan
pushpan

കണ്ണൂർ: ജീവിച്ചിരുന്ന രക്തസാക്ഷിയായ പുതുക്കുടി പുഷ്പൻ ആറാമത്തെ ചെന്താരകമായി മാറിയപ്പോൾ ചോര വീണുചുവന്ന കുത്തുപറമ്പിൻ്റെ റെഡ് സല്യൂട്ട്. പോരാട്ടവീര്യത്തിൻ്റെ പ്രതീകങ്ങളായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോര വീണ മണ്ണിൽ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന് അന്ത്യാഭിവാദ്യങ്ങളുമായി ആയിരങ്ങളാണ് കൈമുഷ്ടി ചുരുട്ടി ഉയർത്തിയത്. 

കൂത്തുപറമ്പ് രക്ത സാക്ഷി സ്തൂപം നിലനിൽക്കുന്ന സ്ഥലത്തേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുഷ്പൻ്റെ ഭൗതിക ശരീരം തലശേരിയിൽ നിന്നുമെത്തിച്ചത്. പാർട്ടി പ്രവർത്തകർ ഉശിരൻ മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചാണ് ചേതനയറ്റ പുഷ്പൻ്റെ ശരീരത്തെ സ്വീകരിച്ചത്. തുടർന്ന് നടന്ന പൊതുദർശനത്തിൽ നൂറ് കണത്തിനാളുകൾ പങ്കെടുത്തു. 

pushpan

കൂത്തുപറമ്പ് രക്തസാക്ഷി കെ.വി റോഷൻ്റെ അമ്മയും പുഷ്പനെ അവസാനമായി ഒരു നോക്ക് കാണാനെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എ സ്വരാജ്, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, സ്പീക്കർ എ.എൻ ഷംസീർ, കെ.വി സുമേഷ് എം എൽ എ , കെ.പി മോഹനൻ എം.എൽ, എം.വി ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയവർ പൊതുദർശന ചടങ്ങിൽ പങ്കെടുത്തു. 

കൂത്തുപറമ്പ് - തലശേരി റോഡിലെ ആലക്കണ്ടി കോംപ്ളക്സിന് മുൻപിൽ വെച്ചാണ് പുഷ്പന് മറ്റുള്ളവർക്കൊപ്പം വെടിയേൽക്കുന്നത്. സിപിഎം നോർത്ത്‌ മേനപ്രം ബ്രാഞ്ചംഗമാണ്‌. പുഷ്പൻ അസുഖബാധിതനായ ഓരോ തവണയും മരണമുഖത്തുനിന്ന്‌ കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. ഒടുവിൽ ആഗസ്‌ത്‌ രണ്ടിനാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ബാലസംഘത്തിലും എസ്‌എഫ്‌ഐയിലും പ്രവർത്തിച്ചിട്ടുണ്ട്‌. 

pushpan

വീട്ടിലെ പ്രയാസം കാരണം പഠനംനിർത്തി ആണ്ടിപ്പീടികയിലെ പലചരക്ക്‌ കടയിൽ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്‌തു. ബംഗളൂരുവിൽനിന്ന്‌ അവധിക്ക്‌ നാട്ടിലെത്തിയപ്പോഴാണ്‌ കൂത്തുപറമ്പ്‌ സമരത്തിൽ പങ്കെടുത്തത്‌.
ഡിവൈഎഫ്‌ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. സഹന ജീവിതത്തിനൊടുവിൽ തൻ്റെ അൻപത്തിയാറാമത്തെ വയസിലാണ് പുഷ്പൻ വിട പറയുന്നത്.

Tags