പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

Violation of Code of Conduct: Public can file complaints through C-Vigial app
Violation of Code of Conduct: Public can file complaints through C-Vigial app

പാലക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.

ക്യാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജവാര്‍ത്തകള്‍, വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, അനുവാദമില്ലാതെ സ്ഥാപിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, സമ്മാനങ്ങള്‍ കൂപ്പണുകള്‍ എന്നിവയുടെ വിതരണം, അനുവാദമില്ലാത്ത വാഹനറാലികള്‍, നിരോധിത സമയത്തെ പ്രചാരണം തുടങ്ങി പെരുമാറ്റച്ചട്ട ലംഘനങ്ങള്‍  ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് അയക്കുക. ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ അയക്കാന്‍ കഴിയൂ.

ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച്  സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും. പരാതിക്കാരന്‍ തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്.
 

Tags