നവീന്‍ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യ; ദിവ്യ വന്നതും പ്രസംഗം റെക്കോഡ് ചെയ്തതും ആസൂത്രിതം; പ്രോസിക്യൂഷന്‍

Revenue officials will take collective leave tomorrow to protest the death of Kannur ADM Naveen Babu
Revenue officials will take collective leave tomorrow to protest the death of Kannur ADM Naveen Babu

തലശ്ശേരി: കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍. പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്നും പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് കോടതിയില്‍ ഹാജരായത്.

ദിവ്യയുടെ വാദങ്ങളെ അതിശക്തമായി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. വ്യക്തിഹത്യയാണ് നവീന്‍ ബാബുവിന്റെ മരണകാരണം. ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നല്‍കി. പി പി ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Kannur ADM Naveen Babu death has been investigated by the police

വഴിയേ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ തന്നെ പ്രസംഗത്തില്‍ പറഞ്ഞു. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാന്‍ എന്ത് അധികാരമാണുള്ളത്. കളക്ടറോട് ദിവ്യ എഡിഎമ്മിനെതിരെ രാവിലെ തന്നെ പരാതി നല്‍കിയിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം പറയേണ്ടതില്ലെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് പ്രസ്തുത ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചു വാങ്ങി. ദിവ്യക്ക് പരാതിയുണ്ടെങ്കില്‍ അധികാരികളോട് അറിയിക്കാമായിരുന്നു. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് കളക്ടര്‍ പറഞ്ഞു. 3.30 ന് വിളിച്ചപ്പോഴും ആരോപണം ഉന്നയിക്കാനുള്ള സമയമല്ലെന്ന് കളക്ടര്‍ പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മരിച്ച നവീൻ ബാബുവിനും മക്കളുണ്ട്. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ മുമ്പിൽ അറിയിക്കാമായിരുന്നുവെന്നും നവീൻ ബാബുവിനെതിരായ അധ്യാപകൻ ഗംഗാധരൻ്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. 

ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദിവ്യയെ കസ്റ്റഡിയിൽ എടുക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന വ്യക്തിയാണ് ദിവ്യ. എല്ലാവരും ഉദ്യോ​ഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിന്റെ അവസ്ഥ എന്താവും, വിജിലൻസ് ഉൾപ്പടെയുള്ള സംവിധാനം വ്യവസ്ഥാപിതമായി ഉണ്ടായിരിക്കെ എന്തിനിങ്ങനെ വ്യക്തിഹത്യ നടത്തിയെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

Tags