കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി : പദ്ധതികള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തലശേരി : നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീറിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ നടത്തുന്ന കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി. കതിരൂര്‍ പഞ്ചായത്ത് അങ്കണത്തില്‍ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ കാലകാലത്ത് നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ഥികളും പൊതുജനങ്ങളും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനില്‍ അധ്യക്ഷനായി. കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളും ഹരിത കര്‍മ്മ സേനാംഗങ്ങളും ചേര്‍ന്ന് തയ്യാറാക്കുന്ന എല്‍.ഇ.ഡി.ബള്‍ബ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍ നിര്‍വഹിച്ചു. ഫാദില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് കെ.എസ്.എ ഏറ്റുവാങ്ങി. ഹരിത ഭവന സര്‍ട്ടിഫിക്കറ്റ് വിതരണം നവകേരളം കര്‍മ്മ പദ്ധതി കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരനും ഹരിത സ്ഥാപന സര്‍ട്ടി ഫിക്കറ്റ് വിതരണം ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുനില്‍ കുമാറും നിര്‍വഹിച്ചു.
പരിപാടിയുടെ ഭാഗമായി കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളും ഹരിത കര്‍മ്മ സേനാംഗങ്ങളും ചേര്‍ന്ന് മാലിന്യ മുക്ത സന്ദേശമുയര്‍ത്തിയുള്ള ബോധവത്കരണ നാടകം 'നാട്ടുപച്ചയും' അരങ്ങേറി.
വര്‍ഷങ്ങളായി കതിരൂര്‍ ടൗണ്‍ ശുചീകരിക്കുന്ന കെ. നാരായണനെ കതിരൂര്‍ ഹയര്‍ സെക്കന്ററിസ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, കതിരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ പേഴ്‌സണ്‍ കെ.പി. റംസീന, സംഘടക സമിതി കണ്‍വീനര്‍ കെ.വി പവിത്രന്‍, കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത് ചോയന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.സംഗീത, പുത്തലത്ത് സുരേഷ് ബാബു, എ.വി. രാമദാസന്‍ കെ.വി. രജീഷ്, പൊന്ന്യം കൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.