വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ
വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരമായി ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ഉചിതമായിരിക്കുമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ അഡ്വ. പി സതീദേവി പറഞ്ഞു.
വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കണമെന്ന് നേരത്തെ തന്നെ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. അദാലത്തിൽ പരിഗണിച്ച പരാതികളിൽ നല്ലൊരു ശതമാനവും ഗാർഹിക ചുറ്റുപാടുകളുമായി ബന്ധപെട്ടതാണെന്നും കമ്മീഷൻ പറഞ്ഞു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങിൽ ആകെ പരിഗണിച്ച 65 പരാതികളിൽ 14 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിന് വേണ്ടി അയച്ചു. ഒരു പരാതി ജാഗ്രതാ സമിതിയുടെ റിപ്പോർട്ടിനായി അയച്ചു.
ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനുവേണ്ടി രണ്ടു പരാതികൾ നൽകി. 43 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷകരായ ചിത്തിര ശശിധരൻ, കെ പി ഷിമി, കൗൺസിലർ മാനസ ബാബു എന്നിവർ പങ്കെടുത്തു.