'പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനാൽ പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; കെ. മുരളീധരൻ എം.പി.

k muraleedharan mp

കോഴിക്കോട്: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനാൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു . സഭയിൽ ബി.ജെ.പിക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ വ്യക്തിയാണ് പ്രേമചന്ദ്രനെന്നും മുരളീധരൻ  കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു .

പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയെത്തിന്റെ പേരിൽ  പ്രേമചന്ദനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കും. ഏളമരം കരീം രാജ്യസഭയില്‍ ബി.ജെ.പിക്കെതിരെ പ്രസംഗിച്ചതിനേക്കാള്‍ ശക്തമായി പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ സംസാരിച്ചിട്ടുണ്ട്. സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്തത്തിന്റെ ഉദാഹരണമാണ്. സീറ്റ് വിഭജനത്തില്‍ ആര്‍.എസ്.പിയുടെ കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞെന്നും മുരളീധരൻ പറഞ്ഞു

വ്യക്തിപരമായി ഭക്ഷണത്തിന് ആര് വിളിച്ചാലും രാഷട്രീയക്കാര്‍ പരസ്പരം പങ്കെടുക്കും. മോദിയുടെ ഒരു നയത്തോടും തങ്ങള്‍ക്ക് യോജിപ്പില്ല. എന്നുകരുതി, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാല്‍ തകരുന്നതല്ല ഈ രാജ്യത്തെ മതേതരത്വം. നാളെ മുഖ്യമന്ത്രി ഒരു ഭക്ഷണവിരുന്നിലേക്ക് വിളിച്ചാല്‍ ഞാൻ പോകും. ഞങ്ങള്‍ തമ്മിലെന്താ വല്ല സ്വത്ത് തർക്കവുമുണ്ടോ. എന്നാൽ, രാഷട്രീയമായുള്ള വേർതിരിവുകളിൽ ഉറച്ചുനിൽക്കും, മുരളീധരൻ പറഞ്ഞു.

Tags