ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; തുടര്‍ പഠനത്തിന് അനുവദിക്കാത്തതിലുള്ള മനോവിഷമം മൂലമെന്ന് സൂചന

google news
lakshmi

വര്‍ക്കലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മിയുടെ തുടര്‍പഠനത്തെ ഭര്‍ത്താവ് കിരണ്‍ എതിര്‍ത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ശങ്കരന്‍മുക്കിലെ വാടക വീട്ടിലാണ് കിരണും ലക്ഷ്മിയും താമസിച്ചിരുന്നത്. ഈ വീട്ടിലെ ജനല്‍കമ്പിയില്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ലക്ഷ്മിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

19കാരിയായ ലക്ഷ്മി ഒന്നരമാസം ഗര്‍ഭിണിയായിരുന്നു. പതിനൊന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മിയുടെ പഠനം പൂര്‍ത്തിയാക്കുന്നത് കിരണും ഭര്‍തൃവീട്ടുകാരും എതിര്‍ത്തിരുന്നു. ഇതിനെതുടര്‍ന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തു!ടങ്ങി.

ഏറെ നാളായി പ്രണയത്തിലായിരുന്ന ലക്ഷ്മിയും കിരണും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ലക്ഷ്മിയുടെ വീട്ടുകാരുമായി ഇരുവര്‍ക്കും ബന്ധമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വന്തം വീട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു. 

Tags