‘500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയാൽ അഴിമതിയല്ലേ?, ശൈലജക്കെതിരെ കേസെടുക്കണം' : രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം: കോവിഡ്​ കാലത്ത്​ പി.പി.ഇ കിറ്റടക്കം വാങ്ങിയതിൽ തീവെട്ടിക്കൊള്ള നടന്നുവെന്ന സി.എ.ജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവർക്കെതിരെ കേസെടുക്കണന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ദുരന്തം വിറ്റ് സർക്കാർ കാശാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയാൽ അത് അഴിമതിയല്ലേ എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണ് പി.പി.ഇ കിറ്റ് വാങ്ങിയതെന്ന് കെ.കെ. ശൈലജ പറയുന്നു. മുഖ്യമന്ത്രി അറിഞ്ഞാൽ അഴിമതിയാകില്ലേ എന്നും ചെന്നിത്തല ചോദ്യം ഉന്നയിച്ചു.

കോവിഡ്​ കാലത്ത്​ പി.പി.ഇ കിറ്റടക്കം വാങ്ങിയതിലെ തീവെട്ടിക്കൊള്ള നടന്നതായാണ്​ സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. യൂനിറ്റിന്​ 550 രൂപക്ക്​​ പി.പി.ഇ കിറ്റ്​ നൽകാൻ തയാറായ കമ്പനികളെ ഒഴിവാക്കി 800 രൂപ മുതൽ 1550 രൂപ വരെ ക്വാട്ട്​ ചെയ്ത കമ്പനികളിൽ നിന്നാണ്​ വാങ്ങിയതെന്നും ഇതുവഴി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നും റിപ്പോർട്ട്​ പറയുന്നു. പി.പി.ഇ കിറ്റ്​ വാങ്ങിയതുമായി ബന്ധപ്പെട്ട് കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെ നടന്ന ഇടപാടിൽ​ സർക്കാർ വിശദീകരണം നൽകിയെങ്കിലും കണക്ക്​ നിരത്തി അവ തള്ളിയാണ്​ സി.എ.ജി അന്തിമ റിപ്പോർട്ട്​ തയാറാക്കിയത്​.

550 രൂപക്ക്​ പി.പി.ഇ കിറ്റ് നല്‍കാമെന്ന് 2020 മാര്‍ച്ച് 28ന് അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി സർക്കാറിനെ അറിയിച്ചെന്ന്​ ബോധ്യപ്പെട്ടതായി സി.എ.ജി വ്യക്തമാക്കുന്നു. ഇവരില്‍ നിന്ന് 25,000 പി.പി.ഇ കിറ്റ് വാങ്ങാന്‍ ആദ്യം ഓര്‍ഡര്‍ നല്‍കിയെങ്കിലും 10,000 എണ്ണത്തിനേ പർച്ചേ​സ്​ ഓർഡർ നൽകിയുള്ളൂ. രണ്ടു ദിവസത്തിന് ശേഷം മാര്‍ച്ച് 30ന് 1000 രൂപ കൂട്ടി 1550 രൂപക്ക്​ 15,000 പി.പി.ഇ കിറ്റ് മറ്റൊരു കമ്പനിയായ സാന്‍ഫാര്‍മയില്‍ നിന്ന് വാങ്ങി.

രണ്ടു ദിവസം കൊണ്ട് അധികമായി നല്‍കിയത് 1.51 കോടി. മാര്‍ച്ച് തുടക്കത്തില്‍ 450 രൂപക്ക്​ വാങ്ങിയ പി.പി.ഇ കിറ്റ് മാര്‍ച്ച് മാസം അവസാനം 1550 രൂപക്കാണ് വാങ്ങിയത്. അതും കുറഞ്ഞ നിരക്കിൽ നൽകാൻ സന്നദ്ധരായ കമ്പനികളെ ഒഴിവാക്കി. സൺ ഫാർമ മാത്രമല്ല, 800 രൂപ മുതൽ 1550 രൂപ വരെ ഉയർന്ന വില ക്വാട്ട്​ ചെയ്​ത കമ്പനികളിൽ നിന്നടക്കം 2.5 ലക്ഷം കിറ്റുകളാണ്​ ഈ കാലയളവിൽ വാങ്ങിയത്​.

കോവിഡിനെ നേരിടാൻ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി പി.പി.ഇ കിറ്റുകളും എൻ 95 മാസ്കുകളും വാങ്ങാൻ കെ.എം.എസ്​.സി.എല്ലിന്​ സർക്കാർ 2020 മാർച്ചിൽ പ്രത്യേക ഉത്തരവ്​ നൽകിയിരുന്നു. ക്വട്ടേഷൻ, ടെൻഡർ ഔപചാരികതകളിൽനിന്ന്​ ഇളവും നൽകി. ഇതിന്‍റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങൽ. അവശ്യസാധനങ്ങളുടെ വില നിയന്ത്രണമുണ്ടായിരുന്നതിനാൽ കിറ്റിന്‍റെ വിപണി വില 545 രൂപയായി സർക്കാർ നിശ്ചയിച്ച കാലത്തായിരുന്നു ഇത്​.

കോവിഡ് കാല പർച്ചേസിന് മുന്‍കൂറായി 50 ശതമാനം തുകമാത്രമേ നല്‍കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാല്‍, ചട്ടങ്ങള്‍ മറികടന്ന് സാൻഫാർമ കമ്പനിക്ക്​ മുഴുവന്‍ തുകയും നൽകി. യൂനിറ്റിന്​ 1550 രൂപ നിരക്കിൽ 15,000 കിറ്റുകൾ വാങ്ങുന്നതിന്​ മൊത്തം തുകയായ 2.32 കോടിയാണ്​ മുൻകൂറായി നൽകിയത്​. എന്നാൽ, സ്ഥാപനത്തിന് നൽകിയ ലെറ്റർ ഓഫ് ഇൻഡന്‍റിൽ (എൽ.ഐ.ഒ) 50,000 യൂനിറ്റിനാണ്​ ഓർഡർ നൽകിയതെന്നും ഇതിന്‍റെ ആകെ മൂല്യമായ 9.35 കോടിയു​ടെ 29 ശതമാനം മാത്രമേ (2.32 കോടി) മുൻകൂർ നൽകിയിട്ടുള്ളൂവെന്നുമായിരുന്നു സർക്കാർ നൽകിയ വിശദീകരണം. ഈ വാദം സി.എ.ജി നിരസിച്ചു.

‘‘കമ്പനി പുതിയതായതിനാലും ഉൽപന്നം പരിശോധിച്ചിട്ടില്ലാത്തതിനാലും ഉടൻ വിതരണം ചെയ്യാൻ ഓർഡറുകൾ നൽകിയത് 15,000 എണ്ണത്തിന്​ മാത്രമായിരുന്നെന്ന് ഓഡിറ്റ് നിരീക്ഷിച്ചതിൽ വ്യക്തമായി’’ എന്നും റിപ്പോർട്ടിൽ പറയുന്നു.

Tags