അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്
ചേര്‍ത്തലയില്‍ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം. കുട്ടിയുടെ കൊലപാതകം നടത്തിയത് അമ്മയുടെ സുഹൃത്ത് ഒറ്റക്കാണോ അതോ ആശക്ക് നേരിട്ട് പങ്ക് ഉണ്ടോ എന്നും യുവതിയുടെ ഭര്‍ത്താവിന് ഇക്കാര്യം അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും അതേസമയം കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലിസ് തീരുമാനിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാര്‍ഡ് മെമ്പര്‍ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതില്‍ കുട്ടിയെ വളര്‍ത്താന്‍ മറ്റൊരാള്‍ക്ക് നല്‍കി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആണ്‍ സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുട്ടിയെ കൊന്ന് രതീഷിന്റെ വീട്ട് വളപ്പില്‍ കുഴിച്ച് മൂടിയെന്ന വിവരം ലഭിച്ചത്.
കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയില്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയായ ആശ മനോജാണ് ഒന്നാം പ്രതി. ആണ്‍ സുഹൃത്തായ രതീഷാണ് രണ്ടാം പ്രതി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.