പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ ഡോ. കെ എസ് അനിലിനെ പുതിയ വിസിയായി നിയമിച്ചു

vc

കല്‍പറ്റ : പൂക്കോട് വെറ്ററനറി സര്‍വ്വകലാശാലയില്‍ പുതിയ വിസിയെ നിയമിച്ചു. ഡോ.കെ. എസ് അനിലിനെയാണ് വിസിയായി നിയമിച്ചത്. മണ്ണുത്തി വെറ്ററനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഗവര്‍ണ്ണറുടെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഡോ.പി സി ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ വിസി പിന്‍വലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാര്‍ത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരില്‍ മുന്‍ വി സി ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണ്ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതെസമയം, പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. പ്രൊഫോമ റിപ്പോര്‍ട്ട് പേഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിച്ചു.

സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. സിബിഐയ്ക്ക് അന്വേഷണം കൈമാറുന്നതിന് അടിമുടി സംസ്ഥാന ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ വീഴ്ചകള്‍ തിരിച്ചറിഞ്ഞതോടെ അടിയന്തര ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിരുന്നത്.

Tags