നിരവധി കേസുകള്‍, കോഴിക്കോട്ട് യുവാവിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്

Policeകോഴിക്കോട്: നിരവധി കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി  നാടുകടത്താന്‍ ഉത്തരവ്.  കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ഒളവണ്ണ ഒടുമ്പ്ര ഖലീഫന്റകം ഷാനിദ് നിവാസ് ഷാനിദിനെ (22) ആണ്  2007 ലെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ (കാപ്പ) വകുപ്പ് 15 (1) (മ) പ്രകാരം നടപടി സ്വീകരിച്ച് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്.

കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള സ്ഥലങ്ങളിലും സമീപ പ്രദേശത്തും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആളുകളുമായി കൂട്ടുകൂടി ഗൂഢാലോചന, കൊലപാതകശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആളുകളെ ദേഹോപദ്രവം ഏല്‍പ്പിച്ചും കവര്‍ച്ചയും, പിടിച്ചുപറിയും നടത്തിയും, ആളുകളെ ഭീഷണിപ്പെടുത്തിയും തുടര്‍ച്ചയായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് ജീവിച്ചു വന്നിരുന്നയാളാണ് ഷാനിദ്.   നല്ലളം, പന്നിയങ്കര, കൊണ്ടോട്ടി, കുന്ദമംഗലം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഷാനിദിനെതിരെ കേസുകള്‍ നിലവിലുണ്ട്.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ലോ ആന്റ് ഓര്‍ഡര്‍ ഡോ. എ  ശ്രീനിവാസ്. ഐ പി എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് ഡി ഐ ജി ആന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് എ അക്ബര്‍ ഐ പി എസ്  ആണ് നാടുകടത്തല്‍ ഉത്തരവിറക്കിയിട്ടുള്ളത്. കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഡി ഐ ജി  പദവിയിലേക്ക് ഉയര്‍ത്തിയശേഷം ആദ്യമായാണ്  കാപ്പാ നിയമപ്രകാരം ഒരു വ്യക്തിക്കെതിരെ സിറ്റി പോലീസ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്.  

Share this story