പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച ഫണ്ട് വകമാറ്റൽ : ബെഹ്റക്കെതിരെ നടപടി ശിപാർശ അട്ടിമറിച്ചു

google news
ബെഹ്‌റ അവധിയിലല്ല ; ഔദ്യോഗിക ആവശ്യത്തിന് ഒറീസയിലേക്ക് പോകുന്നുവെന്ന് കെ.എം.ആര്‍.എല്‍

തിരുവനന്തപുരം : പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫിസും പണിത സംഭവത്തിൽ മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ധനവകുപ്പ് ശിപാർശ അട്ടിമറിച്ചു. വിഷയത്തിൽ നിയമസഭ സമിതി എന്ത് നടപടി സ്വീകരിക്കുമെന്നതും നിർണായകം.

ക്വാർട്ടേഴ്സിന് അനുവദിച്ച തുക വകമാറ്റി ചെലവാക്കിയ ലോക്നാഥ് ബെഹ്റയുടെ നടപടി സാധൂകരിച്ചതും ധനവകുപ്പിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഫണ്ടുകൾ വകമാറ്റി ചെലവഴിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ധനവകുപ്പ് ഫയലിൽ കുറിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ബെഹ്റയുടെ നടപടി മന്ത്രിസഭ സാധൂകരിക്കുകയായിരുന്നു. തുക വകമാറ്റിയത് കേന്ദ്ര ഫണ്ട് വിനിയോഗത്തെ കാര്യമായി ബാധിക്കുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ഫണ്ടായി കിട്ടിയ 4.33 കോടിയാണ് വകമാറ്റിയത്.

ഇത് ധനവകുപ്പും സി.എ.ജിയും രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, ചട്ടപ്രകാരമുള്ള നടപടിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ബെഹ്റയുടെ നടപടി ആഭ്യന്തര വകുപ്പ് സാധൂകരിച്ചത്. എന്നാൽ, ഇത് നീതീകരിക്കാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ധനവകുപ്പിന്‍റെ ഈ എതിർപ്പുകളും നിർദേശങ്ങളുമെല്ലാം അവഗണിച്ചാണ് നടപടി സാധൂകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
 

Tags