പനമ്പള്ളി നഗറില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം: യുവതിയുടെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു

newborn death

കൊച്ചി: പനമ്പള്ളി നഗറില്‍ യുവതി നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ആണ്‍ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിന് വെള്ളിയാഴ്ച്ചയാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസില്‍ അറസ്റ്റിലായ അമ്മ റിമാന്‍ഡറിലാണ്.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഗര്‍ഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗര്‍ഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. യുവതി ഗര്‍ഭിണിയായത് ആണ്‍സുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കളോട് പറയാന്‍ യുവതിക്ക് ധൈര്യമുണ്ടായില്ല.

ആണ്‍ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാന്‍ ആണ്‍സുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആണ്‍ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മേയ് മൂന്നിന് രാവിലെയാണ് നവജാത ശിശു കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്‍റെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.