ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യ : സിപിഒ റെനീസിൻ്റെ സുഹൃത്ത് ഷഹാന അറസ്റ്റിൽ
shahana arrest

ആലപ്പുഴ : പൊലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ സിപിഒ റെനീസിൻ്റെ സുഹൃത്ത് ഷഹാന അറസ്റ്റിൽ. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നടപടി.

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണത്തിൽ സിപിഓ റെനീസിനെതിരെ പുതിയ കേസ് എടുക്കാൻ തീരുമാനമായിരുന്നു. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ കേസെടുക്കാൻ തീരുമാനിച്ചത്.

നിർണായകമായ വിവരങ്ങളാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കണ്ടെത്തിയത്. സിപിഒ റെനീസ് നിരവധിപേർക്ക് വട്ടിപലിശയ്ക്ക് പണം നൽകിയിരുന്നു. പലിശയ്ക്ക് നൽകാൻ കൂടുതൽ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്‌ലയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. ഈ തെള്ളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നൽകിയതിന് കേസ് എടുക്കാൻ തീരുമാനിച്ചത്.

ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റെനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

Share this story