പൊലീസിന് സത്യസന്ധമായി മൊഴി നൽകിയെന്ന് ഇ പി ജയരാജൻ
കണ്ണൂർ: ആത്മകഥാ വിവാദത്തിൽസത്യസന്ധമായി പൊലീസിന് മൊഴി നൽകിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.നിയമനടപടിയുമായി താൻ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസി ബുക്സിന്റെ കാര്യങ്ങൾ അവരോട് ചോദിക്കണമെന്നും തൻ്റെ കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
'തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം എല്ലാ മുന്നണികളും സ്ഥാനാർത്ഥികളും കാര്യങ്ങളെല്ലാം അവതരിപ്പിച്ച് കഴിഞ്ഞു. നാളെ എണ്ണിതിട്ടപ്പെടുത്തും. പാലക്കാട്ടെ കാര്യങ്ങൾ പാലക്കാട്ടെ കേന്ദ്രങ്ങൾക്കാണ് അറിയാൻ കഴിയുക. പാലക്കാട് നല്ല പ്രതീക്ഷയുണ്ട്. ഇടതുപക്ഷം തോൽക്കില്ല, ജയിക്കും', അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. കണ്ണൂർ കീച്ചേരിയിലെ ജയരാജൻ്റെ വീട്ടിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസി ബുക്‌സിനെതിരെ ജയരാജൻ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന് ഇപി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.