കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

km shaji
km shaji

കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

നിര്‍ദേശത്തെ തുടര്‍ന്ന് മൊഴികള്‍ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹാജരാക്കി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി. രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലന്‍സ് കേസെടുത്തതെന്നാണ് കെഎം ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ ആദ്യ മൊഴിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് റദ്ദാക്കിയ കേരളാഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നിലവില്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.

Tags